Monday 13 January 2020



ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും
മുറ്റത്തു നിൽക്കാതെ പെയ്യും മരച്ചാർത്തി-
ലൊപ്പം നനയുവാനെന്നു പറ്റും...
ഒപ്പം നനയുവാനെന്നു പറ്റും..

ഗോപുരാഗ്രച്ചെടിപ്പച്ചകൾ മാനത്തെ
ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ
പാരിജാതത്തിൻ തളിരിലച്ചില്ലകൾ
കാറ്റിനോടെന്തേ മൊഴിഞ്ഞു മെല്ലെ...
ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും...
നിന്നിലേക്കെത്തുവാനെന്തു ചെയ്യും...

ഒരു കുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
ജനസാഗരത്തിൽ തുഴഞ്ഞു പോകെ
നഗരതാളം മുറിച്ചാർത്തുപെയ്യും മാരി
തെരുവിൽ നിന്നോർമ്മകൾ പങ്കു വെച്ചു...
സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
പ്രണയവർഷത്തിൽപ്പകച്ചതോർത്തു...
പ്രണയവർഷത്തിൽപ്പകച്ചതോർത്തു...

ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?
സന്ധ്യയായ് നീയെന്നു മുന്നിലെത്തും?
..........................................
പി കെ മുരളീകൃഷ്ണൻ
--------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith
Background Music: Sunilal Cherthala
Singer: P Jayachandran
Production: Music Mumbe
Videography: Prem, Ajith and Deepu Cherthala
Editing: Deepu Cherthala
Violin: Prasoon Krishna
Tabla: Sumeshlal Cherthala


Facebook Page: Music Mumbe - Music First

Song officially released on 11th January, 2020