Friday 8 October 2021

ഓർമ്മപ്പെയ്ത്ത്

ചെമ്പകപ്പൂമുടിയിൽ ചൂടി പുഞ്ചിരിക്കും പെൺ കുറുമ്പേ ചുംബനപ്പൂകൊണ്ടു നിന്റെ ചുണ്ടു ചോപ്പിക്കും ഞാൻ... ചുണ്ടു ചോപ്പിക്കും... പിച്ചകപ്പൂച്ചന്തമോലും ചേലചുറ്റിച്ചാരെ നിന്നാൽ മൊഞ്ചു ചൊല്ലി പാട്ടിലാക്കീ - നെഞ്ചകത്തേറ്റും നിന്നെ നെഞ്ചകത്തേറ്റും... (ചെമ്പക) നോമ്പുകാലം തീർന്നു പോകും മുൻപു ഞാനും നാട്ടിലെത്തും പണ്ടു തട്ടം മാറ്റിയിട്ട പൂവരമ്പേറും... ഞാൻ പൂവരമ്പേറും തുമ്പമെല്ലാം നീക്കിടുവാൻ തമ്പുരാനോടോതി നമ്മൾ തഖ്വ യുള്ളോരായിടേണം റജബിൽ ശഅബാനിൽ... നാം റജബിൽ ശഅബാനിൽ... (ചെമ്പക) സുറുമയെഴുതിയ മിഴികളാലെൻ വഴി തടഞ്ഞു മൊഴിഞ്ഞ കാലം മഴ നനഞ്ഞു കുതിർന്ന കാറ്റിൽ അത്തറിൻ ഗന്ധം... ഓത്തുപള്ളി മുതൽക്കു നമ്മേ ചേർത്തിണക്കിയ ചാന്ദ്രമാസം ഓർത്തു കൽബ് തുടിച്ചിടുമ്പോൾ ഓർമ്മപെയ്യുന്നൂ... നിന്നോർമ്മ പെയ്യുന്നൂ.... (ചെമ്പക) ...................................... പി കെ മുരളീകൃഷ്ണൻ Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music: Sunilal Cherthala Singer: Shabeer Ali Production: Music Mumbe Channel: https://www.youtube.com/musicmumbe Facebook Page: Music Mumbe - Music First Song officially released on 15th May, 2020

ഹംസധ്വനിയുടെ ഹൃദയതാളങ്ങൾ (Heartbeats of Hamsadhwani)

ആഴിത്തിരകളോരോകഥക- ളെഴുതിയെഴുതിയ മണൽ ഹംസധ്വനിയിലേതോ ഹൃദയ - മുരുകിയൊഴുകിയ തണൽ വരികനീയിനിയുമൊ- രനുപമനിമിഷമായ്... നിറമധുപകരുമൊ- രസുലഭ ലഹരിയായ്… (ആഴിത്തിരകൾ...) താരാഗണം ചേതോഹരം ഹൃദയാങ്കണം പ്രണയാതുരം ഞാൻ മൂളുന്ന രാഗങ്ങളും നിൻ കാലടിത്താളങ്ങളും ചേർന്നാടുന്ന ഭാവങ്ങളാൽ പൂത്തുലയും യാമങ്ങളീ വഴി… (ആഴിത്തിരകൾ...) രാവേറെയായ് നീറും മനം രാപ്പാടിതൻ നിദ്രാടനം ഞാനേകനായ് പാടുന്നൊരീ പൂവാടിയിൽ കൂട്ടായ്‌ വരൂ വീണ്ടും തൊടാം രാഗാർദ്രമായ് നാം തിരയും സ്വർഗ്ഗങ്ങൾ പോലെ.. (ആഴിത്തിരകൾ...) ...………………...…...…………………. പി കെ മുരളീകൃഷ്ണൻ Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music: Sunilal Cherthala Singer: Pallippuram Sajith Direction: Unnikrishnan Yavanika Production: Music Mumbe Channel: https://www.youtube.com/musicmumbe Facebook Page: Music Mumbe - Music First Song officially released on 8th October, 2021

Tuesday 17 August 2021

ചിങ്ങനിലാവ് (Chinga Nilavu)

ചിങ്ങനിലാ മഴ നനയും തെങ്ങോലത്തുമ്പൂഞ്ഞാൽ - പാട്ടുകളിൽ ഓണസുഗന്ധം.. നാണപ്പൂങ്കവിൾ നുള്ളിയൊ - രോണപ്പൂക്കളമെഴുതും മലയാള മനസ്സിൽ മരന്ദം... മലയാള മനസ്സിൽ മരന്ദം... (ചിങ്ങനിലാ... ) പെരുമഴ പെയ്തൊഴിയുകയായ് മിഴിമേഘം മായുകയായ് ഇരുൾ മൂടിയ പകലറുതികളായ്... കോളാമ്പികൾ കുരവയിടും വയലേലച്ചെരിവുകളിൽ പൂത്തുമ്പിച്ചിറകുയരുകയായ്..... നന്മ മലർക്കാലം കൊടികയറുകയായ്... (ചിങ്ങനിലാ... ) തുമ്പപ്പൂപ്പെണ്ണു വയസ്സറിയിച്ചു ചിരിക്കുന്നൂ മുക്കുറ്റികൾ മഞ്ഞളിടുന്നൂ... പൂക്കൈതക്കടവിൽനിലാ- വീറൻ മുടികോതുമ്പോൾ അത്തപ്പൂച്ചിരി വിടരുന്നൂ,.. വാനം ചിത്രനിലാപ്പന്തലിടുന്നൂ... (ചിങ്ങനിലാ... ) പൂവേ പൊലി വിളിയുണരും തിരുവാവണി നാളുകളിൽ പൂവട്ടികൾ ചിരി പകരുമ്പോൾ... വരവുണ്ടുത്രാടക്കിളി ചുണ്ടിൽ വരിനെൽക്കതിരായ് മലനാട്ടുമഹോത്സവ മധുരം... ഇനി മലയാള മനസ്സിൽ വസന്തം ! (ചിങ്ങനിലാ... ) ................................. പി കെ മുരളീകൃഷ്ണൻ Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music: Sunilal Cherthala Singer: Pallippuram Sajith Production: Music Mumbe Channel: https://www.youtube.com/musicmumbe Facebook Page: Music Mumbe - Music First Song officially released on 18th August, 2021

Monday 13 January 2020



ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും
മുറ്റത്തു നിൽക്കാതെ പെയ്യും മരച്ചാർത്തി-
ലൊപ്പം നനയുവാനെന്നു പറ്റും...
ഒപ്പം നനയുവാനെന്നു പറ്റും..

ഗോപുരാഗ്രച്ചെടിപ്പച്ചകൾ മാനത്തെ
ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ
പാരിജാതത്തിൻ തളിരിലച്ചില്ലകൾ
കാറ്റിനോടെന്തേ മൊഴിഞ്ഞു മെല്ലെ...
ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും...
നിന്നിലേക്കെത്തുവാനെന്തു ചെയ്യും...

ഒരു കുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
ജനസാഗരത്തിൽ തുഴഞ്ഞു പോകെ
നഗരതാളം മുറിച്ചാർത്തുപെയ്യും മാരി
തെരുവിൽ നിന്നോർമ്മകൾ പങ്കു വെച്ചു...
സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
പ്രണയവർഷത്തിൽപ്പകച്ചതോർത്തു...
പ്രണയവർഷത്തിൽപ്പകച്ചതോർത്തു...

ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?
സന്ധ്യയായ് നീയെന്നു മുന്നിലെത്തും?
..........................................
പി കെ മുരളീകൃഷ്ണൻ
--------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith
Background Music: Sunilal Cherthala
Singer: P Jayachandran
Production: Music Mumbe
Videography: Prem, Ajith and Deepu Cherthala
Editing: Deepu Cherthala
Violin: Prasoon Krishna
Tabla: Sumeshlal Cherthala


Facebook Page: Music Mumbe - Music First

Song officially released on 11th January, 2020


Sunday 10 November 2019

പാടുകയാണ്, സഖീ... വീണ്ടും,
പാതി മുറിഞ്ഞൊരു ഗാനം...
തേടുകയാണ്, സഖീ... നമ്മിൽ,
പെയ്തൊഴിയാ മഴക്കാലം...

          (പാടുകയാണ്...)

തരളിതമാം തരുനിരകളിലകലെ...
തിര മുറിച്ചൊരു ചെറു  ശലഭം...
പതനുരയും കരൾ പൊയ്കയിലുണരും...
ലളിത മനോഹര രൂപം...

നിറവളപ്പൊട്ടും നീർമഷിത്തണ്ടും
പെരുകാപീലിത്തുമ്പും...
പ്ലാവിലത്തൊപ്പിയണിഞ്ഞൊരു കാലം 
മാന്തളിരുണ്ടൊരു ബാല്യം....

           (പാടുകയാണ്...)

വരുമെന്നോതിയൊരാളെയുമിവിടെ
കാക്കുകയില്ല പ്രഭാതം...
പോകാനാരുണ്ടെന്നതു പോലും
നോക്കുകയില്ല ദിനാന്തം...

വളരും ജീവിതയാത്രയിലൊരു നാൾ
തളരും കാലുകളിടറും...
തുടരാമതുവരെ മതിവരുവോളം...
സരള മനോമയ ഗാനം...
മധുരിതമാമനുരാഗം...

           (പാടുകയാണ്...)
..........................................
പി കെ മുരളീകൃഷ്ണൻ


--------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith
Background Music: Sunilal Cherthala
Production: Sunilal Cherthala and Pallippuram Sajith
Singer: Harish Shivaramakrishnan Videography & Editing: Deepu Cherthala


Facebook Page: Music Mumbe - Music First

Song officially released on 8th November, 2019




Monday 30 September 2019

മരനിരയെല്ലാം കരിഞ്ഞൊരീതീരത്ത് വരളുന്ന ചുണ്ടുമായ് നിൽക്കേ.. ഉരുകുമീ മെയ്മാസ നാളിലേക്കെന്തിനു മധുരം പകർന്നു നീ വന്നു .... എന്തിനു മധുരം പകർന്നു നീ വന്നൂ... വറുതി കത്തുന്നൂ വരണ്ട നീർപ്പാടത്തി- നരികിലുണ്ടരളി പൂക്കുന്നു.... നിഴലും നിലാപ്പൂക്കളും വീണ വഴികളിൽ കരിയില കനവു കാണുന്നു.. ചെറുകുളിർക്കാറ്റിൻ തലോടലില്ലാ... കൂടെ ഒഴുകിടില്ലൊരു കിളിപ്പാട്ടും... വരുവാനൊരാളുമില്ലീവഴിത്താരകൾ വിജനത തിന്നു വീർക്കുന്നു... കൊടും വിജനത തിന്നു വീർക്കുന്നു... (മര നിരയെല്ലാം....) നദി മെലിയുന്നൂ നരച്ച കാലത്തിന്റെ ശിരസ്സുപോ- ലകലെയാകാശം... മൃതിയടയുന്നൂ മുദിത ഹൃദന്തത്തിൻ മൃദുലമന്ദസ്മേര ഭാവം.. തിരികെയൊറ്റക്കു നീ പോകരുതൊപ്പം ഞാൻ അനുഗമിക്കാം കടവോളം.... മധുരമില്ലെങ്കിലും മലരു പോലിത്തിരി വാക്കുകൾ നീയെടുത്തോളൂ.... എന്റെ കവിതയായ് കൊണ്ടു പൊയ്ക്കോളൂ... എന്റെ കവിതയായ് കൊണ്ടു പൊയ്ക്കോളൂ... (മര നിരയെല്ലാം....) ..........................................
പി കെ മുരളീകൃഷ്ണൻ
--------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music & Production: Sunilal Cherthala and Pallippuram Sajith

Singer: P Sajith Video: Prem Prakash Editing: Deepu Cherthala Key Instrumentation: Flue Subhash Cherthala


Facebook Page: Music Mumbe - Music First

Song officially released on 27th September, 2019



Monday 19 August 2019

പുലരൊളിയിൽ 
ഒരു കിളിമകൾ
കുളിരണിയും തരുനിരകളിൽ
കളിയൂഞ്ഞാലാടുന്നു വീണ്ടും... (2) 

മലർമഴയിൽ 
നിറ ലഹരിയിൽ
കളമെഴുതും ഇടവഴികളിൽ
അവളേതു പാട്ടൊന്നു മൂളി... (2)

മുകിലെന്നു പെയ്യും
വെയിലുമ്മ വെയ്ക്കും
കാറ്റേറ്റിളംചില്ല പൂക്കും... 

          (പുലരൊളിയിൽ)

അരുണ പ്രഭാപൂരമതിമോഹനം
അനുഭൂതി പൂക്കുന്ന ഹൃദയം... (2)

മുള പാട്ടു മൂളും
നിള കേട്ടു പായും
കരളിന്റെ കടലാഴമറിയും...
മുകിലെന്നു പെയ്യും
വെയിലുമ്മ വെയ്ക്കും
കാറ്റേറ്റിളംചില്ല പൂക്കും... 

          (പുലരൊളിയിൽ)

ശ്രുതിമധുരം ലയസുഭഗം
സ്വരജതിതൻ പുതുഗമകം
നീയീ പുലർകാല സുകൃതം...

മരനിരകളിലലഞൊറിയും
മലരിയിൽ മധു മണമിയലും
നനമണലണിവഴിയരികിലൊ-
രിളമുളകളിൽ സ്വനമഴകായ്...

          (പുലരൊളിയിൽ)


(പി കെ മുരളീകൃഷ്ണൻ)

--------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music & Production: Sunilal Cherthala and Pallippuram Sajith

Singer: P Sajith Video: Prem Prakash Editing: Deepu Cherthala Key Instrumentation: Prasoon (Saxophone), Flue ( Subhash Cherthala)
Additional Footage Provided By Videezy.com


Facebook Page: Music Mumbe - Music First

Song officially released on 19th July, 2019



ഇനിയും ചൊല്ലാത്തൊരു
കവിതയെപ്പോലെയെൻ
മുന്നിൽ നീ വന്നു നിന്നൂ....
ഇനിയും പറഞ്ഞു തീരാത്തൊരു 
കഥയുമായ്
പിറകിൽ നീ ചാരി നിന്നൂ... 
മെല്ലെയരികിൽ നീ ചേർന്നിരുന്നൂ....

          (ഇനിയും....)

കരവിരൽ വികൃതിയി-
ലെൻ കർണ്ണ പരിസരം
വളരും വികാരമായി...
മൃദു ദല സ്പർശമാ-
യെൻ ചുണ്ടിലേകിയ
മധുകണം ലഹരിയായി...
ഉള്ളിൽ കുളിർമഴ പ്രണയമായി...
നീയെൻ കരളിന്റെ കാതലായി ....

          (ഇനിയും...)

വഴിമരച്ചില്ലകൾ
മിഴികളിലൊരു മഴ -
ക്കാടിന്നഴകുണർത്തീ...
പുഴ മൊഴി നുകർന്നു
പൊൻകതിർച്ചിരി വിരിഞ്ഞ
നെൽവയലൊരു വസന്തമേകീ... 
വാനം തിരി തെളിഞ്ഞൊരുക്കമായീ...
നീയീ മുരളിയിൽ മധുരമായീ...

          (ഇനിയും.....)


(പി കെ മുരളീകൃഷ്ണൻ)

--------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music & Production: Sunilal Cherthala and Pallippuram Sajith

Singer: P Sajith Video: Prem Prakash Editing: Deepu Cherthala Key Instrumentation: Prasoon (Saxophone), Flue ( Subhash Cherthala)


Facebook Page: Music Mumbe - Music First

Song officially released on 5th August, 2019

ഇനിയും ചൊല്ലാത്തൊരു
കവിതയെപ്പോലെയെൻ
ഉള്ളിൽ നീ പെയ്തു നിന്നൂ....
ഇനിയും പറഞ്ഞു തീരാക്കഥ 
കേൾക്കുവാൻ
തോളിൽ തോൾ ചേർന്നിരുന്നൂ... 
ചാരെയെന്നും കാതോർത്തിരുന്നൂ...

          (ഇനിയും....)

കരവിരലോടമെൻ 
കാർമുടിക്കായലിൽ
ദ്രുത ജലക്രീഡയായി...
ഭ്രമര സംഗീതമായെൻ 
ചുണ്ടിലേകിയ 
മധുമണം ലഹരിയായി
എന്നിൽ കുളിർമഴ പ്രണയമായി...
നീയെൻ കരളിന്റെ കാതലായി ....

          (ഇനിയും...)

വഴിമരച്ചില്ലകൾ
മിഴികളിലൊരു മഴ -
ക്കാടിന്നഴകുണർത്തീ...
പുഴ മൊഴി നുകർന്നു
പൊൻകതിർച്ചിരി വിരിഞ്ഞ
നെൽവയലൊരു വസന്തമേകീ... 
വാനം തിരി തെളിഞ്ഞൊരുക്കമായീ...
ഞാൻ നിൻ മുരളിയിൽ മധുരമായി...

          (ഇനിയും.....)



(പി കെ മുരളീകൃഷ്ണൻ)

--------------------------------------------------------------------------------------------------------------


Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music & Production: Sunilal Cherthala

Singer: Aparna Rajeev ONV Video: Prem Prakash Editing: Deepu Cherthala Key Instrumentation: Prasoon (Saxophone), Flue ( Subhash Cherthala)


Facebook Page: Music Mumbe - Music First

Song officially released on 21st June, 2019




Tuesday 16 July 2019

നിറതിങ്കൾ നിനക്കായുദിച്ചൂ...
നിഴലുറങ്ങും വഴി ചിരിച്ചൂ...
നറുമണമൊഴുകിയ വീഥികളിൽ വീണ്ടും
നിന്നെ ഞാൻ വിളിച്ചൂ...
നിന്റെ സാമീപ്യം ഞാൻ കൊതിച്ചൂ....

           (നിറതിങ്കൾ)

തീരമുറങ്ങിയ തിരുവാതിരയിൽ
തിരയൊരു കഥ പാടീ...
ചെന്തെങ്ങിനു ചുടുചുംബനമേകിയ
തെന്നലിലിലയാടീ...
നറുമണമൊഴുകിയ വീഥികളിൽ വീണ്ടും
നിന്നെ ഞാൻ വിളിച്ചൂ...
നിന്റെ സാമീപ്യം ഞാൻ കൊതിച്ചൂ....

          (നിറതിങ്കൾ)

കളരികൾ പൂത്ത വടക്കൻ കാവുകൾ
കവിതയിലടരാടീ...
കദനമുറക്കിയ കണ്ണുകളിൽ പ്പുതു-
പുലരികൾ തിറയാടീ...
നിണമൊഴുകിയ പഴയിതിഹാസങ്ങളിൽ
പ്രണയമൊരഴകായീ...
നിറകതിർ ചൂടിയൊരുത്സവ രാവുകൾ
പ്രിയസഖീ.. വരവായീ....

     (നിറതിങ്കൾ)

(പി.കെ. മുരളീകൃഷ്ണൻ)


-----------------------------------------------------------------------------------------------------------------

Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music & Production: Sunilal Cherthala
Singer: P Jayachandran Video: Raghu Mindscape & Prem Prakash Editing: Deepu Cherthala Key Instrumentation: Prasoon (Saxophone), Anuroop C S(Violin), Flue ( Subhash Cherthala)


Facebook Page: Music Mumbe - Music First

Song officially released on 3rd June, 2019


എന്തോ മൊഴിഞ്ഞിടാൻ
വന്നതാണീ മഴ
പിന്നെയുമെന്റെ മുന്നിൽ...
പണ്ടേ പിരിഞ്ഞു വേറിട്ടതാണീ മഴ
തോർന്നതില്ലെന്റെ കണ്ണിൽ...

(എന്തോ മൊഴിഞ്ഞിടാൻ)

ആലോലമാടുന്ന തെങ്ങോലയിൽത്തങ്ങി
മൂളുന്ന കാറ്റിനൊപ്പം
രാഗാർദ്രമായിവൾ പാടുന്ന പാട്ടിലു-
ണ്ടേതോ വിഷാദ ഭാവം...
പണ്ടു മിണ്ടാതിരുന്ന താളം...

(എന്തോ മൊഴിഞ്ഞിടാൻ)

പുസ്തകത്താളുകൾ കീറിക്കുറിച്ചൊരു
ചിത്രവർണ്ണച്ചിറകായി...
വാക്കുകൾ പാറിപ്പറക്കും വരാന്തയിൽ
തൂണു മന്ത്രിച്ച രാഗം... 
മരഗോവണി പൂത്ത കാലം...

(എന്തോ മൊഴിഞ്ഞിടാൻ)

വർഷങ്ങളായീറനായാലുമൊരു ജല-
കണികയുമുള്ളിലാക്കാതെ...
നിശ്ചലം നിൽക്കുന്ന ചേമ്പിലപ്പച്ചയോ -
ടോതുവാൻ പരിഭവം പേറി...
പിന്നെയും പിന്നെയും പെയ്തിറങ്ങുന്നിവ-
ളമ്മ മണ്ണിന്റെ മാറിൽ...
പ്രണയാർദ്രമാകും മനസ്സിൽ...

(എന്തോ മൊഴിഞ്ഞിടാൻ)
(പി കെ മുരളീകൃഷ്ണൻ)

------------------------------------------------------------------------------------------------------------------
Lyrics: P K Muraleekrishnan Music: Pallippuram Sajith Background Music & Production: Sunilal Cherthala
Singers: Aparna Rajeev ONV & P Jayachandran
Video: Raghu Mindscape & Prem Prakash Editing: Deepu Cherthala Key Instrumentation: Prasoon (Saxophone), Anuroop C S(Violin), Flue ( Subhash Cherthala) 


Facebook Page: Music Mumbe - Music First

Song officially released on 28th April, 2019